Karnasapatham || Part-06 of 09 || Kathakali

Sdílet
Vložit
  • čas přidán 10. 02. 2024
  • #Kathakali #Karnasapatham #ക​ര്‍ണ​ശ​പ​ഥം
    ക​ര്‍ണ​ശ​പ​ഥം
    ഈ ആട്ടക്കഥ എഴുതിയത് മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ശ്രീ വി. മാധവൻ നായർ ആണ്. അദ്ദേഹം മലയാളത്തിലെ പ്രശസ്തനായ ഒരു ബാലസാഹിത്യരചയിതാവായിരുന്നു. മാലി, ഒരേ ഒരു ആട്ടക്കഥ മാത്രമേ രചിച്ചിട്ടുള്ളൂ. അതാകട്ടെ ആസ്വാദകർ ഏറ്റെടുക്കുകയും ചെയ്തു.
    കഥാസംഗ്രഹം
    കർണ്ണനു തന്റെ മാതാപിതാക്കൾ ആരെന്ന് ഉള്ള ആശങ്ക ആണ് ഈ കഥയുടെ കാതൽ.
    ആദ്യരംഗത്തിൽ വിഷണ്ണയായി ഇരിക്കുന്ന ഭാനുമതിയുടെ സമീപം ദുര്യോധനൻ വന്ന് കാര്യമെന്താണെന്ന് അന്വേഷിക്കുന്നു. ഭാനുമതി, "വരാൻ പോകുന്ന മഹാഭാരതയുദ്ധത്തിൽ ദുര്യോധനനു മൃത്യു നേരിട്ടാലോ" എന്ന ഭയമാണെന്ന് മറുപടി പറയുന്നു. അത് കേട്ട ദുര്യോധനൻ കൗരവപക്ഷത്ത് മഹാരഥന്മാർ എല്ലാവരും ഉണ്ട്, കൂടാതെ കർണ്ണനുമുണ്ട്, അതിനാൽ ഭീരുത വെടിയുവാൻ പറയുന്നു. ഈ സമയം കർണ്ണൻ പ്രവേശിക്കുന്നു. കർണ്ണനോട് ഭാനുമതിയെ സമാധാനിപ്പിക്കാൻ ദുര്യോധനൻ ആവശ്യപ്പെടുന്നു. "സോദരീ മഹാരാജ്ഞീ ഖേദമെന്തിനു വൃഥാ" എന്ന് ചോദിച്ച് കർണ്ണൻ ഭാനുമതിയെ സമാധാനിപ്പിക്കുന്നു. "കുരുവംശത്തിനു ഏകാലംബനം ആയിട്ടുള്ളത് നീ തന്നെ, അതിനാൽ കർണ്ണാ നീ പറയുന്ന വാക്കുകൾ എന്റെ മനസ്സിനു സുഖം നൽകുന്നു" എന്ന് ഭാനുമതി പറയുന്നു. ആ സമയത്ത് ദുശ്ശാസനൻ അവിടെ വരുന്നു. യുദ്ധതന്ത്രവിചക്ഷണന്മാരായ മന്ത്രിമാർ, മന്ത്രഗൃഹത്തിൽ സമ്മേളിച്ചിട്ടുണ്ട്, അവിടെ പോയി യുദ്ധകാര്യങ്ങൾ ചർച്ചചെയ്യുകയല്ലേ എന്ന് ദുര്യോധനനോട് ചോദിക്കുന്നു. കർണ്ണൻ ആ സമയം ദുര്യോധനനോടും ദുശ്ശാസനനോടും മന്ത്രഗൃഹത്തിലേക്ക് പോകാൻ പറഞ്ഞ്, ഗംഗാസ്നാനത്തിനു പുറപ്പെടുന്നു.
    രണ്ടാം രംഗത്തിൽ ഗംഗാസ്നാനം ചെയ്ത് ധ്യാനത്തിനു പുറപ്പെടുന്ന കർണ്ണൻ ആണ്. കർണ്ണനു ധ്യാനത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. അതിനു കാരണം എന്താണെന്ന് സ്വയം ആലോചിക്കുന്ന "എന്തിഹ മന്മാനസേ സന്ദേഹം വളരുന്നു" എന്ന പദത്തോടെ രംഗം ആരംഭിക്കുന്നു. തന്റെ ജന്മദുഃഖം കർണ്ണൻ ഓർക്കുന്നു. ആ സമയത്ത് കുന്തി കർണ്ണസമീപം വരുന്നു. കുന്തീദേവിയെ നമസ്കരിച്ച് ഇരുത്തിയ കർണ്ണൻ ആഗമനോദ്ദേശം ചോദിക്കുന്നു. കുന്തി കർണ്ണന്റെ ജന്മകഥ പറയുന്നു, താനാണ് മാതാവ് എന്നും സൂര്യഭഗവാനാണ് പിതാവ് എന്നും അറിയിക്കുന്നു. തുടർന്ന് പാണ്ഡവപക്ഷത്തേക്ക് കർണ്ണനെ ക്ഷണിക്കുന്നു. ക്ഷണം നിരസിക്കുന്ന കർണ്ണൻ തുടർന്ന് അർജ്ജുനനെ അല്ലാതെ മറ്റ് പാണ്ഡവരെ ആരേയും താൻ യുദ്ധത്തിൽ വധിക്കില്ല എന്ന് കുന്തിയോട് സത്യം ചെയ്യുന്നു. തുടർന്ന് കുന്തി പോകുന്നു. സന്ധ്യാവന്ദനം കഴിഞ്ഞ് കർണ്ണൻ തിരിച്ച് തന്റെ വാസസ്ഥലത്തേക്ക് പോകുന്നു. കര്‍ണ്ണന്‍ പോയതിന് ശേഷം മറുവശത്ത് കൂടെ ദുശ്ശാസനന്‍ പ്രവേശിക്കുന്നു . കര്‍ണ്ണന്‍ പോയവഴി നോക്കിക്കൊണ്ട് : “ എടാ , നിന്‍റെ തനിനിറം പുറത്തായി . ഇതിന് തക്ക ശിക്ഷയുണ്ട് . നോക്കിക്കോ ! “ എന്ന്‍ അഭിനയിക്കുന്നു . അപ്പോഴേക്കും ദുര്യോധനനും ഭാനുമതിയും പ്രവേശിക്കുന്നു. ദുശ്ശാസനൻ ചാരന്മാർ മുഖേന താൻ അറിഞ്ഞ കാര്യങ്ങൾ എല്ലാം ദുര്യോധനനെ അറിയിക്കുന്നു. പക്ഷെ ദുര്യോധനൻ കർണ്ണനിൽ തനിയ്ക്കുള്ള വിശ്വാസം വീണ്ടും പറയുന്നു. ഭാനുമതിയും കർണ്ണ ദുര്യോധനന്മാർ തമ്മിലുള്ള സ്നെഹബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. ആ സമയം കർണ്ണനും ദുശ്ശാസനനും പ്രവേശിക്കുന്നു. ദുര്യോധനൻ, കഥയെല്ലാമറിവായി.. എന്ന് കർണ്ണനോട് പറയുന്നു. നാം തമ്മിൽ പിരിയില്ല എന്നും തന്റെ മാതാവായ കുന്തിയേയും അനുജന്മാരേയും താൻ ദുര്യോധനനുവേണ്ടി ത്യജിക്കുന്നു എന്നും, മാത്രമല്ല അർജ്ജുനനുമൊന്നിച്ച് താൻ ഭൂമിയിൽ വാഴുകയില്ല എന്നും സത്യം ചെയ്ത് കൊടുക്കുന്നതോടെ കർണ്ണശപഥം കഥ പൂർണ്ണമാകുന്നു.
    വേഷങ്ങൾ
    ദുര്യോധനൻ-കത്തി
    ഭാനുമതി-സ്ത്രീവേഷം മിനുക്ക്
    ദുശ്ശാസനൻ-ചുവന്നതാടി
    കർണ്ണൻ-പച്ച
    കടപ്പാട്

Komentáře • 1