ഹജ്ജിന് പോകുന്നവരോട്... ഹാഫിസ് അബ്ദുശ്ശക്കൂർ ഖാസിമി

Sdílet
Vložit
  • čas přidán 6. 09. 2024
  • ഹജ്ജും ഇതര ഇബാദത്തുകളും പടച്ചവൻ്റെ പൊരുത്തത്തെ കരുതി നിർവ്വഹിക്കുക.
    ആരാധനകൾ നമ്മെയും അടുത്ത തലമുറയെയും നന്മ നിറഞ്ഞവരാക്കാനുള്ളതാണെന്ന് ഓർക്കുക.
    നന്മകൾ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. വീഴ്ചകൾക്ക് പടച്ചവനോട് മാപ്പിരക്കുക.
    ഹജ്ജിന്റെ അമലുകൾ
    ഇഹ്റാം - ഇഹ്റാമോടു കൂടി സത്യവിശ്വാസിക്ക് സുഖാസ്വാദനങ്ങൾക്കും ഉല്ലാസത്തിനും ഹേതുവാകുന്ന സകല കാര്യങ്ങളും നിഷിദ്ധമായിത്തീരും. ഒന്നുടുക്കണം, മറ്റൊന്ന് തലമറയാതെ ചുമലിലൂടെ വലതുകൈ പുറത്തായിരിക്കത്തക്കവണ്ണം താഴേക്ക് തൂക്കിയിടണം.
    ത്വവാഫ് - ത്വവാഫ് (കഅ്‌ബയെ ചുറ്റിൽ) ഒരു രൂപത്തിലുള്ള ഇബ്റാഹീമീ നമസ്കാരമാണ്. ആ കാലഘട്ടത്തിലെ പ്രധാന ഇബാദത്തായിരുന്നു ത്വവാഫ്.
    ഹജറുൽ അസ്‌വദ് - ഇത് കഅ്ബാ മന്ദിരത്തിന്റെ ചുമരിന്റെ ഒരു മൂലയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇബ്റാഹീം (അ) പണിത അസ്ഥിവാരത്തിന്റെ ശേഷിക്കുന്ന സ്മാരകമാണത്. കഅ്ബാ പ്രദക്ഷിണം തുടങ്ങുന്നതിനും അവസാനിക്കുന്നതിനും ഒരടയാളമുണ്ടായിരിക്കുക എന്നതാണ് ഈ ശില സ്ഥാപിച്ചതിന്റെ ഉദ്ദേശ്യം. ഓരോ പ്രദക്ഷിണം അവസാനിക്കുമ്പോഴും അതിനെ മുത്തുകയോ കൈകൊണ്ടോ വടികൊണ്ടോ മറ്റു വല്ലതും കൊണ്ടോ സ്പർശിച്ച് അതിനെ മുത്തുകയോ ആകാം. സാധ്യമായില്ലെങ്കിൽ ആംഗ്യം കാണിച്ചാലും മതി. എന്നാൽ, ഈ കല്ലിൽ ഒരു ദൃശ്യ ശക്തിയോ ദിവ്യ ശക്തിയോ ഇല്ല. ഒരു സ്മാരക ശിലമാത്രമാണത്. ഒരു സന്ദർശകന്റെ ഹൃദയത്തിൽ‍പല സ്മരണകളും അതുണർത്തുന്നുവെന്നു മാത്രം.
    സഫാ, മർവ - കഅ്ബയുടെ ചാരത്തുള്ള രണ്ട് കുന്നുകളാണ് സഫയും മർവയും. ഹാജറ അവർകൾ പിഞ്ചുകുഞ്ഞായ ഇസ്മാഈലിനുവേണ്ടി വെള്ളം അന്വേവേഷിച്ചു ഓടിയത് സഫക്കും മർവക്കുമിടയിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഹാജറയുടെ അസ്വസ്ഥമായ ആ പ്രയാണത്തിന്റെ ജീവിക്കുന്ന സ്മാരകമാണ് സഫ-മർവക്കിടയിലെ സഅയ്. ആദ്യം സഫയിലും അവിടെ നിന്ന് മർവയിലേക്കും നടക്കുകയും ഇരുസ്ഥലങ്ങളിലും കഅ്ബയിലേക്കു തിരിഞ്ഞു നിന്ന് അല്ലാഹുവിനെ പുകഴ്ത്തുകയും ദുആ ചെയ്യുകയും ചെയ്യുക എന്നത് ഹജ്ജിന്റെ അമലുകളിൽപ്പെട്ടതാണ്.
    അറഫ - ദുൽഹജ്ജ് ഒൻപതിന് മുഴുവൻ ഹാജിമാരും അറഫയിലെത്തുകയും ഉച്ച മുതൽ‍അസ്തമയം വരെ ദുആയിലും ആരാധനകളിലുമായി കഴിയുകയും വേണം. ഹജ്ജിന്റെ സുപ്രധാന ഫർളാണത്. നാനാ വർണ്ണക്കാരും, ദേശക്കാരും ഭാഷക്കാരുമായ ജനലക്ഷങ്ങൾ‍ ഒരേ വസ്ത്രത്തിൽ‍ പാപമോചനത്തിനായി വിലപിച്ചു കരയുന്ന രംഗം അറഫയിൽ നമുക്ക് കാണാം. കണ്ണെത്താദൂരത്ത് നീണ്ടു വിശാലമായിക്കിടക്കുന്ന ആ അത്ഭുത കാഴ്ച വാക്കുകൾക്ക് വിവരിക്കാനാകാത്ത വൈകാരികത വിശ്വാസിയിൽ‍ സൃഷ്ടിക്കുന്നു. ജീവിതത്തിലൊരിക്കലും അവനത് മറക്കാൻ‍ കഴിയില്ല.
    മുസ്ദലിഫ - ഹജ്ജിന്റെ സുപ്രധാനമായ മറ്റൊരു കർമ്മമാണ് മുസ്ദലിഫയിലെ രാപാർക്കൽ. അറഫയിൽ നിന്നും അസ്തമയശേഷം പുറപ്പെട്ട് രാത്രി അവിടെ താമസിക്കുകയും പ്രഭാതാനന്തരം അൽപ സമയം അവിടെ കഴിച്ചു കൂട്ടുകയും ചെയ്യണമെന്ന് ഇസ്‌ലാം നിശ്ചയിച്ചു.
    മിന - മസ്ജിദുൽ ഹറാമിൽ‍ നിന്നും അൽപ്പമകലെയാണ് മിന സ്ഥിതി ചെയ്യുന്നത്. ഇവിടെ ഹാജിമാർ മുഴുവൻ രണ്ടുമൂന്ന് ദിവസം താമസിക്കുകയും പരസ്പരം ഇടപഴകുകയും ചെയ്യുന്നു. അവിടെ വെച്ചാണ് ബലി കൊടുക്കുന്നത്.
    ബലി - ഇസ്മാഈൽ (അ) ന്റെ ബലിയുടെ പ്രതീകമാണ് ഹജ്ജ് കാലത്തെ മൃഗബലി. സാധുക്കൾക്കും അശരണർക്കും ആഹാരം നൽകുകയും വിശ്വാസികൾ അവർക്കിടയിൽ‍ സത്കാരങ്ങൾ നടത്തി ബന്ധുമിത്രാദികളെ സഹായിക്കലുമൊക്കെയാണ് ഈ ബലി കൊണ്ടുള്ള ഉദ്ദേശ്യം.
    തലമുടി മുണ്ഡനം - ബലി കൊടുത്ത ശേഷം മിനായിൽ വച്ച് ഹാജി തലമുണ്ഡനം ചെയ്യുകയോ വെട്ടിക്കുകയോ ചെയ്യുന്നു. നാഗരികതയുടെ പ്രാരംഭഘട്ടത്തിൽ ഒരാളെ അടിമത്തത്തിൽ നിന്നും സ്വതന്ത്രനാക്കുമ്പോൾ ‍തല മുണ്ഡനം ചെയ്യുക പതിവായിരുന്നു. അടിമത്തത്തിന്റെ ചിഹ്നമായിട്ടാണ് അത് ഗണിക്കപ്പെട്ടിരുന്നത്. ഹജ്ജ് അല്ലാഹുവിനുള്ള അടിമത്തവും കീഴ്വണക്കവുമായതിനാൽ ആ പുരാതന ആചാരത്തെ നിലനിർത്തി.
    ജംറ - കല്ലുകൊണ്ടുള്ള മൂന്ന് സ്തൂപങ്ങളാണ് ജംറ. അത് മിനാ മൈതാനത്ത് സ്ഥിതി ചെയ്യുന്നു. ഇബ്റാഹീം (അ) പുത്രനെ ബലി കൊടുക്കാൻ പോയപ്പോൾ ആ മൂന്നിടങ്ങളിൽ വച്ച് പിശാച് അദ്ദേഹത്തെ വ്യതിചലിപ്പിക്കാൻ ശ്രമിച്ചു എന്നും അദ്ദേഹം പിശാചിനെ കല്ലെറിഞ്ഞു എന്നും പറയപ്പെടുന്നു. എറിയുന്നതിന് 'റജ്മ്' എന്നാണ് പറയുന്നത്. പൂർവ്വകാലത്ത് ശാപം പ്രകടിപ്പിക്കാനുള്ള മാർഗ്ഗമായിരുന്നു കല്ലേറ്. ഇതുകൊണ്ടാണ് പിശാചിനെ 'റജീം' എന്ന് വിളിക്കുന്നത്. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് പ്രസ്തുത മൂന്ന് സ്തൂപങ്ങളിലേക്ക് കല്ലെറിയണം. പിശാചിന്റെ ദുർബോധനങ്ങളിൽ നിന്നും അഭയം തേടുകയും വേണം. റസൂലുല്ലാഹി (ﷺ) അരുളി: "അല്ലാഹുവിന്റെ സ്മരണ നിലനിർത്തുക മാത്രമാണ് കല്ലെറിയുന്നതിന്റെ ഉദ്ദേശ്യം."
    ഹജ്ജിന്റെ ആത്മാവ്
    പശ്ചാത്തപവും അല്ലാഹുവിലേക്കുള്ള മടക്കവുമാണ് യഥാർത്ഥത്തിൽ ഹജ്ജ്. ഇഹ്റാം ചെയ്യുന്നതോടെ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്... എന്ന മന്ത്രധ്വനി ഹാജിയുടെ കണ്ഠത്തിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുന്നു. അറഫയിൽ, മുസ്ദലിഫയിൽ, മിനായിൽ എല്ലാം അത് മാറ്റൊലികൊള്ളുന്നു. അവിടെ വെച്ചുള്ള ദുആക്കളുടെ അധികഭാഗവും തൗബയും ഇസ്തിഗ്ഫാറുമാണ്. സകല പാപങ്ങളും പൊറുത്ത് കിട്ടാൻ അവൻ അങ്ങേയറ്റം ആഗ്രഹിക്കുന്നു. ഹജ്ജിന്റെ എല്ലാ രംഗങ്ങളും പശ്ചാത്താപത്തിന് ഏറ്റവും പറ്റിയ രംഗങ്ങൾ കൂടിയാണ്. ദുആയ്ക്ക് ഉത്തരം ലഭിക്കുന്നതിന് ഏറ്റവും അർഹമായ ഇടങ്ങളാണവ. ഇതിന് ശേഷം പുത്തൻ ചൈതന്യം ആരംഭിക്കുന്നു.!
    ചുരുക്കത്തിൽ, കേവലം ഒരു ആചാരമല്ല ഹജ്ജ്. ധാർമ്മിക- സാമ്പത്തിക- രാഷ്ട്രീയ- സാമൂഹിക ജീവിതത്തിന്റെ നിഖില മേഖലകളെയും ചൂഴ്ന്നു നിൽക്കുന്ന, അതിനെയെല്ലാം ശുദ്ധീകരിക്കുന്ന സമുന്നതമായൊരു കർമ്മമാണ് നൻമ നിറഞ്ഞ ഹജ്ജ്.!
    സയ്യിദ് ഹസനി അക്കാദമി പ്രസിദ്ധീകരിച്ച സയ്യിദ്‌ അഹമ്മദ്‌ ശഹീദിന്റെ (റഹ്) ഹജ്ജ് യാത്ര, മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി(റഹ്)യുടെ ഹജ്ജ് യാത്ര, വിവിധ പണ്ഡിത മഹത്തുക്കളുടെ ലേഖനങ്ങളുടെ സമാഹാരം എന്നിവ ഹജ്ജിന് പോകുന്നവർ വായിച്ചിരിക്കുന്നത് വളരെ നല്ലതാണ്.
    അല്ലാഹു അനുഗ്രഹിക്കട്ടെ.

Komentáře •